കൊച്ചി : മോട്ടോര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ പാലിച്ച് കൂളിങ് ഫിലിം (സണ്‍ ഫിലിം) പതിപ്പിക്കാമെന്ന് ഹൈക്കോടതി വിധി വന്നതിനുപിന്നാലെ പലരും കൂളിങ് ഫിലിം ഒട്ടിക്കാനുള്ള ഓട്ടത്തിലാണ്.
ദിവസങ്ങള്‍ മുമ്ബാണ് കൂളിങ് ഫിലിം അനുവദനീയമാണെന്നും ഇതിന്‍റെ പേരില്‍ വാഹനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതര്‍ക്ക് അവകാശമില്ലെന്നും കേരള ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കിയത്. കൂളിങ് ഫിലിം നിര്‍മിക്കുന്ന കമ്ബനി, കുളിങ് ഫിലിം പതിപ്പിച്ചതിന് പിഴ ചുമത്തിയതിനെതിരേ വാഹന ഉടമ, സണ്‍ കണ്‍ട്രോള്‍ ഫിലിം വ്യാപാരം നടത്തുന്നതിന്‍റെ പേരില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയ സ്ഥാപനം തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
എന്നാല്‍ കൂളിങ് ഫിലിം ഒട്ടിക്കുമ്ബോള്‍ എല്ലാതരം ഫിലിമുകളും അനുവദനീയമല്ല. വാഹനത്തിന്‍റെ ഉള്‍വശം കാണാത്ത തരത്തില്‍ ഫിലിം ഒട്ടിച്ചാല്‍ ഇനിയും പിടി വീഴുമെന്നും ഫൈൻ അടക്കേണ്ടിവരുമെന്നും ചുരുക്കം. മുന്നിലേയും പിന്നിലേയും ഗ്ലാസുകളില്‍ 70 ശതമാനത്തില്‍ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തില്‍ കുറയരുതെന്നുമാണ് നിയമം അനുശാസിക്കുന്നത്.
സേഫ്റ്റി ഗ്ലേസിങ് വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് വാഹന നിര്‍മാതാക്കള്‍ക്ക് മാത്രമല്ല, വാഹന ഉടമകള്‍ക്കും അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
2021 ഏപ്രിലില്‍ പ്രാബല്യത്തില്‍ വന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളിലെ 100-ാം വകുപ്പിലെ ഭേദഗതി അനുസരിച്ച് വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം സേഫ്റ്റിഗ്ലേസിങ് കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്‌റ്റാൻഡേഡ്‌സിന്‍റെ (ബിഎസ്‌ഐ) 2019-ലെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള സേഫ്റ്റി ഗ്ലേസിങ്ങാണ് അനുവദിച്ചിട്ടുള്ളത്. സേഫ്റ്റി ഗ്ലാസിന്‍റെ ഉള്‍പ്രതലത്തില്‍ പ്ലാസ്റ്റിക് ഫിലിം പതിപ്പിച്ചിട്ടുള്ളത് സേഫ്റ്റിഗ്ലേസിങ്ങിന്‍റെ പരിധിയില്‍ പെടുത്തിയിട്ടുള്ളതാണ്.
നിലവില്‍ അനുവദനീയമായ കൂളിങ് ഫിലിമുകള്‍ ബിഎസ്‌ഐ, ഐസ്‌ഐ മുദ്രകളോടെയാണ് വരുന്നത്. ഒട്ടുമിക്ക കമ്ബനികളും ഫിലിമില്‍ ക്യുആർ കോഡുകളും നല്‍കുന്നുണ്ട്. ഇത് സ്‌കാൻ ചെയ്‌താല്‍ ട്രാൻസ്‌പരൻസി ശതമാനവും ഗുണനിലവാര വിവരങ്ങളും മനസ്സിലാക്കാം.
0 Comments