കോഴിക്കോട് : നിലമ്പൂര്‍ സീറ്റില്‍ വി.എസ്. ജോയിയും ആര്യാടന്‍ ഷൗക്കത്തും തമ്മിലുള്ള തര്‍ക്കത്തില്‍ സമവായം അസാധ്യമായതോടെ പുതിയ സ്ഥാനാര്‍ഥിയെ പരിഗണിച്ച് കോണ്‍ഗ്രസ്. ജോയിയേയും ഷൗക്കത്തിനേയും അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയതോടെയാണ് മറ്റൊരു സ്ഥാനാര്‍ഥി എന്ന സാധ്യതയിലേക്ക് കോണ്‍ഗ്രസ് എത്തുന്നത്.
മുസ്ലീം ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ സമുദായത്തിനകത്തുനിന്ന് തന്നെയുള്ള വനിതയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിക്ക് സീറ്റ് നല്‍കിയാല്‍ പാര്‍ട്ടിക്കകത്ത് ഭിന്നത രൂക്ഷമാകുമെന്ന് നേതൃത്വം വിലയിരുത്തിയിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസില്‍നിന്ന് പുറത്തുപോകാനും സിപിഎം സ്ഥാനാര്‍ഥിയാവാനുമുള്ള സാധ്യതകളും മുന്നിലുണ്ട്.
ആര്യാടന്‍ ഷൗക്കത്തിനെ മത്സരിപ്പിച്ചാല്‍ പി.വി. അന്‍വര്‍ ഉള്‍പ്പടെ കോണ്‍ഗ്രസിന് പ്രതികൂലമാകുന്ന നിലപാട് എടുത്ത് മുന്നോട്ട് പോവുകയും ജോയിയെ പിന്തുണക്കുന്നവര്‍ പാര്‍ട്ടിയില്‍ കലഹമുണ്ടാക്കാനുള്ള സാധ്യതയും കോണ്‍ഗ്രസ് മുന്നില്‍ക്കാണുന്നു. രണ്ട് കൂട്ടരേയും അനുനയിപ്പിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാന്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പലതവണ നടത്തിയെങ്കിലും ഇതുവരെ സമവായം സാധ്യമായിട്ടില്ല. ഇതോടെയാണ് മൂന്നാമതൊരാളെ കോണ്‍ഗ്രസ് പരിഗണിക്കുന്നത്.
വനിതാ സ്ഥാനാര്‍ഥിക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും തേഞ്ഞിപ്പലത്തുനിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗവുമായ ആലിപ്പറ്റ ജമീല ഉള്‍പ്പടെയുള്ളവരെയാണ് പരിഗണിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന ജമീലയെ 2021-ലാണ് കെപിസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
2000-ല്‍ കാളികാവില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായി സജീവ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ ജമീല 2010-ല്‍ കാളികാവ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2015-ല്‍ വണ്ടൂരില്‍ നിന്നും 2020-ല്‍ തേഞ്ഞിപ്പലത്തുനിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു. നിലവില്‍ തേഞ്ഞിപ്പാലം ഡിവിഷന്‍ മെമ്പറായ ആലിപ്പറ്റ ജമീലക്ക് തന്നെയായിരിക്കും മുന്‍ഗണന നല്‍കുകയെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
0 Comments