LATEST

6/recent/ticker-posts

ശങ്കരനാരായണന്‍ യാത്രയായി.


മലപ്പുറം : മകളെ ബലാല്‍സംഗം ചെയ്തുകൊലപ്പെടുത്തിയ കുറ്റവാളിയെ വെടിവെച്ചുകൊന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ശങ്കരനാരായണന്‍ യാത്രയായി. ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ മുഹമ്മദ് കോയ കൊലകേസില്‍ ഹൈക്കോടതി വിട്ടയച്ച മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണന്‍(75) വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. സംസ്‌ക്കാരം നടത്തി.

മകള്‍ കൃഷ്ണപ്രിയയെ കൊലപ്പെടുത്തിയ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ കൊല്ലപ്പെട്ട കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ശങ്കരനാരായണനെ കീഴ്‌ക്കോടതി ശിക്ഷിച്ചെങ്കിലും തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. 

2001 ഫെബ്രുവരി 9ന് സ്‌കൂള്‍ വിട്ടു വരുന്ന വഴിയാണ് ശങ്കരനാരായണന്റെ മകള്‍ ഏഴാം ക്ലാസുകാരി കൃഷ്ണപ്രിയ(13)യെ മുഹമ്മദ് കോയ ക്രൂരമായ ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. കേസില്‍ ജാമ്യത്തിലിറങ്ങിയ മുഹമ്മദ് കോയ 2002 ജൂലൈ 27ന് കൊല്ലപ്പെടുകയായിരുന്നു.
മുഹമ്മദ് കോയയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുകൊണ്ട് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ ശങ്കരനാരായണനെയും മറ്റു രണ്ടുപേരെയും വിചാരണ കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചെങ്കിലും തെളിവുകളുടെ അഭാവത്തില്‍ 2006 മേയില്‍ ഹൈക്കോടതി ശിക്ഷ റദ്ദാക്കി. 

ക്രിമിനല്‍ സ്വഭാവമുള്ള മുഹമ്മദ് കോയയ്‌ക്ക് മറ്റു ശത്രുക്കളും ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ശങ്കരനാരായണനെ വെറുതെ വിട്ടത്. കൃഷ്ണപ്രിയയുടെ മരണശേഷം നിറകണ്ണുകളോടെ മാത്രമേ ശങ്കരനാരായണന്‍ ജീവിച്ചിട്ടുള്ളൂ എന്നാണ് അയല്‍വാസികള്‍ പറയുന്നത്. മരിക്കുന്നതു വരെ മകളായ കൃഷ്ണപ്രിയയെപ്പറ്റി മാത്രമാണ് സംസാരിച്ചിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. 

ഒരച്ഛന്റെ തീരാവേദനയുമായി ശങ്കരനാരായണന്‍ വിടവാങ്ങുമ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ വലിയ പിന്തുണയും അനുശോചനവും അദ്ദേഹത്തിന്റെ ജീവിതത്തിനും വിടവാങ്ങലിനും ഇപ്പോഴും ലഭിക്കുന്നു.

Post a Comment

0 Comments